
പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാട്ടില്‍ വി എസ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ഇനി അന്ത്യവിശ്രമം
കേരള രാഷ്ട്രീയത്തിലെ അതുല്യനായ പോരാളി കേരളത്തിന്റെ വിപ്ലവ സൂര്യൻ സഖാവ് വി എസ് അച്യുതാനന്ദന് കേരളം വിട നൽകി . പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവമണ്ണിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങുകൾ.
കണ്ണേ കരളേ വിഎസ്സേ , ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്നീ വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാർട്ടി പതാക പുതപ്പിച്ചുകൊണ്ടായിരുന്നു വി എസിനെ വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയത് . മുഖ്യമന്ത്രി പിണറായി വിജയൻ, എംഎ ബേബി, എംവി ഗോവിന്ദൻ അടക്കം നേതാക്കളും മറ്റ് മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം വിഎസിന്റെ ഭൌതിക ശരീരവും വഹിച്ചുള്ള യാത്രയിൽ ഒപ്പമുണ്ടായിരുന്നു .
ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും പിന്നീട് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വെച്ച വി.എസിന്റെ ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ജനസാഗരമാണ് ഒഴുകിയെത്തിയത്.കടലിരമ്പി വരുന്നത് പോലെ ആയിരുന്നു ജനങ്ങൾ മുദ്രവാക്യം വിളികളുമായി വി എസിനെ അവസാനമായി ഒരു നോക്ക് കാണാനും യാത്രയാക്കാനും എത്തിയത്. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നൽകി.
വീരോചിത യാത്രയയപ്പാണ് പ്രിയ സഖാവ് വിഎസിനു കേരളം നൽകിയത്. ഇതുവരെ കേരളം കാണാത്ത അസാധാരണമായ അന്ത്യ യാത്രയായായിരുന്നു വി എസിന്റേത്.വഴിനീളെ മഴയെ അവഗണിച്ച് ആയിരങ്ങൾ കാത്തു നിന്ന് വിഎസിന് അന്ത്യാഞ്ജലി അർപ്പിച്ചു.തലമുറകളെ നീതിക്ക് വേണ്ടിയുള്ള പോരാട്ടം പഠിപ്പിച്ചു കൊണ്ടാണ് ശരി പക്ഷത്തെ നായകൻ , വി എസ് മടങ്ങുന്നത്.വൈകാരികമായ നിമിഷങ്ങൾക്കാണ് വലിയ ചുടുകാട്ട് സാക്ഷ്യം വഹിച്ചത്.
പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ പോരാളികളുടെ പോരാളി വിഎസ് അന്ത്യവിശ്രമം കൊള്ളുകയാണ് . വിപ്ലവാഭിവാദ്യങ്ങൾ നൽകി സമര സൂര്യന് മലയാളികളുടെ അന്ത്യാഞ്ജലി.
ഒരു യുഗത്തിന് അന്ത്യം. ആദരാഞ്ജലികൾ