
ഇസ്രയേലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണെന്ന് യു എ ഇ
ഗാസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തെ ശക്തമായി അപലപിച്ചു ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ യു എ ഇ. ഇസ്രയേലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനം ആണെന്ന് യു എ ഇ ആവർത്തിച്ചു. ഗൾഫ് സഹകരണ കൗൺസിൽ, അറബ് ഗ്രൂപ്പ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ, ചേരിചേരാ പ്രസ്ഥാനം എന്നിവയുടെ നിലപാടുകളുമായി യോജിക്കുന്ന പ്രസ്താവനയാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ , യുഎന്നിലെ യുഎഇയുടെ ആക്ടിംഗ് ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ഫാത്തിമ യൂസഫ് നടത്തിയത്.
ഗാസയിലെ ജനങ്ങൾക്കുള്ള സഹായം തടസ്സപ്പെടുത്തുന്നതിലൂടെയും അത് എത്തിക്കാൻ ശ്രമിക്കുന്നവരെ ലക്ഷ്യം വച്ചും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ മാനുഷിക പ്രതിസന്ധി വഷളാക്കുന്നതാണെന്നു യുഎഇ അപലപിച്ചു. ഭക്ഷ്യസഹായം, ജല ഡീസലൈനേഷൻ പദ്ധതികൾ, എന്നിവ ഉൾപ്പെടെ ഓപ്പറേഷൻ ഗാലന്റ് നൈറ്റിന് കീഴിലുള്ള യു എ ഇ യുടെ മാനുഷിക ശ്രമങ്ങൾ ഫാത്തിമ യൂസഫ് ചൂണ്ടിക്കാട്ടി.